Wednesday, October 10, 2012

കുഞ്ഞുപിണക്കം


     "ഗൌരീ....,  നീ വെറുതെ സംസാരിച് സമയം കളയാതെ കഴിച്ചിട്ട് പോയി യൂണിഫോം ഇടാന്‍ നോക്ക് " പാത്രത്തിലേക്ക് കറി പകരുന്നതിനിടയില്‍ ഗൌരിയുടെ അമ്മ പറഞ്ഞു
"ഇപ്പൊ ഈ അമ്മച്ചിക്ക് എന്നോട് ഒരു സ്നേഹോം ഇല്ല ; അച്ഛാ ഞാന്‍ പറയുന്നത് സത്യാ " ഗൌരി ചിണുങ്ങി
"എന്റെ മോള് പറ , ഏത് കുട്ടിയാ മോളെ വഴക്ക് പറയുന്നത് ?" സ്നേഹത്തോടെ അച്ഛന്‍ ഗൌരീടെ മുടിയില്‍ തലോടി ..
"ഓ... തുടങ്ങി അച്ഛന്റേം മോള്‍ടേം കിന്നാരം ..... സ്കൂള്‍ ബസ്‌ നിങ്ങളെ  കാത്ത് നിക്കില്ലാട്ടോ  " അമ്മ മുഖം ചുളുക്കി കൊഞ്ഞണം കാട്ടി

            ഗൌരീടെ എല്ലാ സ്കൂള്‍ ദിവസവും ഇങ്ങനെ തന്നെ ആണ് തുടങ്ങുന്നത് . രാവിലെ എട്ടു മണിക്ക് സ്കൂള്‍ ബസ്‌ വരുന്നതിനു മുന്‍പ് അടുക്കള ഒരു യുദ്ധക്കളം പോലെയാണ് . ആറരക്ക് അമ്മേടെ "ഗൌരീ.., മോളെ , എഴുനേക്കെട കുട്ടാ " വിളികളോടെ കാഹളം മുഴങ്ങും . അത് പിന്നെ "ഡീ ..., ഓ ഇവള്.., അടി , ഡീ , ... ഡാ .., " വിളികളോടെ ഉച്ചസ്ഥായിയിലെത്തും. അപ്പോഴേക്കും അച്ഛനും ഇതില്‍ പങ്കാളിയാകും. ബഹളം വെച്ച് പരാജയപ്പെട്ട് ഒടുവില്‍ ആ കുഞ്ഞു എല്‍.കെ.ജി.ക്കാരിയെ തോളിലെടുത്തു അച്ഛന്‍ നടക്കും.
         പിന്നെ മോള്‍ടെ റെഡ് കളര്‍ ബ്രഷില്‍ വൈറ്റ് കളര്‍ പേസ്റ്റ് എടുത്ത് പല്ല് തേപ്പിച്ചു, മുഖം കഴുകി ചായ കൊടുക്കും. അപ്പോഴേക്കും അടുക്കളയില്‍ നിന്നും അമ്മ ഓടിയെത്തും "ച്ചി ഇടെടാ കുട്ടാ..., പൊന്നല്ലേ..." പിന്നെ ഒരു പത്ത് പതിനഞ്ച് മിനിറ്റ് അവരുടെ ലോകമാണ് . ഒടുവില്‍ കുളിപ്പിച്ച് ഒരു ടവല്‍ ഉടുപ്പിച്ച് വീണ്ടും അച്ഛന്‍റെ മുന്നില്‍. അമ്മ ശരിയാക്കിയ ചൂട് ദോശയോ , അപ്പമോ അവിടെ ഗൌരിയെ കാത്തിരിക്കുന്നുണ്ടാവും . അച്ഛന്‍റെ വക കുറച്ച് കഥയും, കണ്ണുരുട്ടലും പിന്നെ 'കാവ്യ ആന്റീടെ അത്രേം മുടി വരണ്ടേ , ഐശ്വര്യ ആന്റീടെ കണ്ണ് വേണ്ട' ന്നു കുഞ്ഞു മനസിനെ പേടിപ്പിച്ച്, വിഷമിപ്പിച്ച് പാത്രത്തില്‍ ഉള്ളതിന്‍റെ പകുതി കഴിപ്പിക്കും, അപ്പോഴാണ് ഗൌരി പരാതികളുടെ  കെട്ടഴിക്കുക.
'പൂജചേച്ചി എന്നെ ചിക്ക് പറഞ്ഞു... ,  കാര്‍ത്തിക് ചേട്ടന്‍ എനിക്ക്  ബസ്സില്‍ ഇരിക്കാന്‍ സ്ഥലം തന്നില്ല ..'
അങ്ങനെ ഒരുപിടി പരാതികള്‍,   അതിനെല്ലാം അച്ഛന്‍ ഉടനെതന്നെ പരിഹാരവും കാണും 'അതിനെന്താ അച്ഛന്‍ ഇന്ന് പൂജചേച്ചിയെ കാണട്ടെ വഴക് പറയുന്നുണ്ട്, ആ കാര്‍ത്തിക്കിന് രണ്ട് അടി കൊടുതിട്ടുതന്നെ കാര്യം , ഈ ആലിയയുടെ കാര്യം ടീച്ചറിനോട് പറയുന്നുണ്ട് '
"ഓ... ഈ മണ്ടൂസ് അച്ഛന്‍, ടീച്ചറല്ല , മേം " അതിനിടക്ക് ഗൌരി  അച്ഛന്‍റെ സംസാരം തിരുത്തും
"ഓ ... ശരി ഗൌരി ടീച്ചറെ... ഇന്നി ഞാന്‍  തെറ്റിക്കില്ലേ... " എല്ലാം ഒടുവില്‍ ഒരു തമാശയില്‍ തീരും .

ഇന്ന് പക്ഷെ ഇത്തിരി കൂടെ സങ്കടവും ഗൌരവവും ഗൌരിടെ മുഖത്തുണ്ട് .

"ഞാന്‍  അച്ഛനോട്  പറയാഞ്ഞാ....  എന്നും ആ അനുപമ എന്നെ പേടിപ്പിക്കും , ഭീഷണി പറയും ഇന്നലെ എന്നെ നുളേം ചെയ്തു ...." പറഞ്ഞു തീരുന്നതിനു മുന്‍പേ ആ കുഞ്ഞു കണ്ണുകള്‍ നിറഞ്ഞൊഴുകി
'മോളൂട്ടി വിഷമിക്കണ്ട ട്ടോ ... അച്ഛന്‍ ഇന്ന് സ്കൂളില്‍ വന്നിട്ട് അനുപമേ രണ്ടു തല്ലു കൊള്ളിക്കുന്നുണ്ട്' അയാള്‍ അവളുടെ മുടിയില്‍ തലോടിക്കൊണ്ട് പറഞ്ഞു
'സത്യം .... !' വിശ്വാസം വരാതെ അവള്‍ അച്ഛനെ നോക്കി
'സത്യം ... പ്രോമിസ് ' അയാള്‍ അവളുടെ കുഞ്ഞു കൈവെള്ളയില്‍ അമര്‍ത്തി പിടിച്ചു
വിടര്‍ന്ന മുഖത്തോടെ അവള്‍ ഭക്ഷണം കഴിച്ചെന്നു വരുത്തി , യൂണിഫോമിലേക്ക് കയറി . പീച് കളര്‍ ടോപ്പും,  ഡാര്‍ക്ക്‌ സ്പ്രിംഗ് ഗ്രീന്‍ ബോട്ടവും , സീ ഗ്രീന്‍ ടൈയ്യും . മോള്‍ യുണിഫോം ഇടുന്നതിനിടയില്‍ അയാള്‍ പതിവ് ഡയലോഗ് പറഞ്ഞു 'ദൈവം പോലും ഈ രണ്ടു കളറും ഒരിടത്തും ഒരുമിപ്പിച്ച് വച്ചിട്ടില്ല , എന്താ മോളുടെ സ്കൂളിന്‍റെ ഒരു കളര്‍ സെന്‍സ്; അല്ല അമ്മച്ചിയല്ലേ അഡ്മിഷന്‍ എടുത്തേ , പിന്നെങ്ങനെ ശരിയാവാനാ.. ഹി ഹി '
'അതെ ഒരു മോളല്ലേ ഉള്ളു , ആ കുഞ്ഞിനു അഡ്മിഷന്‍ എടുക്കുന്ന സമയത്തെങ്കിലും അച്ഛന്‍ നാട്ടിലുണ്ടാവണം ഇല്ലേല്‍ ഇത്രയോക്കെയോ പറ്റൂ ... ഒരു എം എഫ് ഹുസൈന്‍ വന്നിരിക്കുന്നു ' ടിഫിന്‍ ബാഗില്‍ ഭക്ഷണം എടുത്ത് വെച്ചുകൊണ്ട് ഗൌരിയോടായി അമ്മ പറഞ്ഞു
'മോളെ അമ്മക്ക് റ്റാറ്റ പറ... സ്വാമിയേ തൊഴ്.. ഇറങ്ങ്' മോള്‍ടെ ബാഗ്‌ തോളില്‍ എടുത്ത് അയാള്‍ പുറത്തേക്കിറങ്ങി . ജംഗ്ഷനില്‍ ബസ്‌ കാത്തുനില്‍ക്കുമ്പോഴും അയാളില്‍ നിന്നും ഗൌരി ഒന്നൂടെ ഉറപ്പ് വാങ്ങി
'അച്ഛന്‍ വരൂല്ലോ ല്ലേ '
'വരുംഡാ.. ഉറപ്പ്.. ' അവളുടെ പുറത്ത് അയാള്‍  മെല്ലെ തട്ടി .


കുട്ടിയെ ബസ്‌ കയറ്റി തിരികെ വരുമ്പോള്‍ ഭാര്യ ക്ഷീണത്തോടെ  ഉമ്മറപടിയില്‍ ഇരുന്നുകൊണ്ട് ചോദിച്ചു 'അതേ മാഷെ മ്മടെ ധന്യെച്ചീടെ അയലത്ത് നാലു പെണ്‍കുട്ട്യോളെ ഒറ്റ പ്രസവത്തില്‍  പ്രെസവിചൂന്നു പറഞ്ഞില്ലേ ....'
'ഉം അതിനെന്താ ' അയാള്‍ അവളുടെ കയ്യില്‍ പിടിച്ചുകൊണ്ടു ചോദിച്ചു
'അല്ല പാവം ആ അമ്മ , ഇപ്പോള്‍ നാലും സ്കൂളില്‍ പോകാന്‍ തുടങ്ങീട്ടുണ്ടാവും ... ഇവിടെ ഒരാളായപ്പം ഈ പാട്... അതോണ്ട് ചോദിച്ചതാ ' അവള്‍ അയാളുടെ കയ്യില്‍ തൂങ്ങി എഴുനേറ്റു
'നിന്നെ അവിടെ അവരുടെ അടുത്ത് ഒരു മാസം ടുഷന് വിട്ടാലോ എന്നാ ഞാന്‍ ആലോചിക്കുന്നേ' അയാള്‍ ചിരിച്ചു
'ഓ ഇവിടുത്തെ ജോലിയെല്ലാം പിന്നെ മാഷല്ലേ ചെയ്യണേ....  മോന്‍ പെട്ടെന്ന്  ചെന്ന് കുളിച് ഓഫീസില്‍ പോകാന്‍ നോക്ക് ' അവള്‍ അയ്യാളെ തള്ളി ബാത്‌റൂമില്‍ കൊണ്ടാക്കി

തിടുക്കത്തില്‍ കുളിയും , ഭക്ഷണവും കഴിഞ്ഞ് അയാള്‍ ഓഫീസിലേക്ക് പുറപെട്ടു .
അന്ന് പതിവിലേറെ തിരക്കായിരുന്നു ഓഫീസില്‍ . ജോലിയെല്ലാം ഒരുവിധം ഒതുക്കി , സീനിയര്‍ ഓഫീസറെ ചാക്കിട്ട് അര മണിക്കൂര്‍ ഓഫ്‌ വാങ്ങി പന്ത്രണ്ടരയോടെ അയാള്‍ സ്കൂളിലേക്ക് പുറപ്പെട്ടു . പുറത്തെ ചൂടിനേയും , വാഹനങ്ങളുടെ തിരക്കിനെയും മനസ്സില്‍ ശപിച് അയാള്‍ ബൈക്ക് പതുക്കെ ഓടിച്ചു. ദിവസം കഴിയുംതോറും റോഡിനു വീതി കുറഞ്ഞു വരുന്നതായി അയാള്‍ക്ക് തോന്നി . വാഹനങ്ങളുടെ നിര്‍ത്താതെയുള്ള ഹോണടിയും ശബ്ദവും അയാള്‍ക്ക് അരോചകമായി തോന്നിയെങ്കിലും , എതിരെ വാഹനം വരുന്ന  ഓരോ തവണയും അയാളും ഹോണ്‍ മുഴക്കി . ഒടുവില്‍ സ്കൂളിലെ പാര്‍ക്കിംഗ് ഏരിയയില്‍ വണ്ടി വെച്ച് ഹെല്‍മെറ്റ്‌ ഊരി മിററില്‍ തൂക്കി അയാള്‍ മെല്ലെ നടന്നു .
'എന്താ ഒരു ചൂട് , പൊടി .... ഈ കുട്ട്യോള്‍ എങ്ങനെ സഹിക്കുന്നു ഇത് ' സെക്യൂരിറ്റിയോടായി അയാള്‍ പറഞ്ഞു
'അതിനു കുട്ട്യോള്‍ ക്ലാസ്സില്‍  അല്ലേ സാറെ ' സെക്യൂരിറ്റി അയാളെ നോക്കി പുഞ്ചിരിച്ചു
സെക്യൂരിറ്റിയെ നോക്കി പുഞ്ചിരിച്ച് അയാള്‍ ഗൌരിയുടെ ക്ലാസിനു നേര്‍ക്ക്‌ നടന്നു .
സ്കൂളില്‍ ലഞ്ച് ബ്രേക്ക്‌ ആണ് , ഭക്ഷണം കഴിച്ച കുട്ടികള്‍ വരിവരിയായ് പാത്രം കഴുകാന്‍ പോകുന്നു , കഴുകിയ പാത്രവുമായി കുറച്ച് കുട്ടികള്‍ തിരികെ വരുന്നു , എങ്ങനെയെങ്കിലും പാത്രം ബാഗില്‍ വെച്ചിട്ട് കളിക്കാനുള്ള ആവേശത്തില്‍ എങ്ങും പീച്ചും പച്ചയും  നിറങ്ങളില്‍ കുട്ടികള്‍‍ .
'നിഷ്കളങ്കരായ കുഞ്ഞുങ്ങളെ പീച്ചിലും നരച്ച പച്ചയിലും വര്‍ഷങ്ങളായി ഒതുക്കിയ മാനേജ്‌മന്റ്‌ , പി റ്റി എ എന്നിവര്‍ ഇനിയെങ്കിലും ഈ നിറങ്ങള്‍ മാറ്റെണം എന്ന് അപേക്ഷിക്കുന്നു ' കഴിഞ്ഞ പി റ്റി എ യോഗത്തില്‍ അയാള്‍ പറഞ്ഞ എണ്ണമറ്റ പരാതികളില്‍ ഒന്നായിരുന്നു .
'മനോഹരങ്ങളായ ഈ നിറങ്ങളില്‍ നമ്മുടെ കുട്ടികള്‍ കൂടുതല്‍ സുന്ദരന്മാരും , സുന്ദരികളും ആയി തോനുന്നു എന്നാണ് പി റ്റി എ വിലയിരുത്തല്‍ ആയതിനാല്‍ യുണിഫോം നിറങ്ങള്‍ മാറ്റുന്ന കാര്യം തല്ക്കാലം അജണ്ടയില്‍ ഇല്ല ' പി റ്റി എ പ്രസിഡന്റ്‌ അയാളുടെ മുഖത്ത് നോക്കി പുഞ്ചിരിയോടെ പറഞ്ഞതോര്‍ത്ത് അയ്യാള്‍ ചിരിച്ച് കൊണ്ട് ഗൌരിയുടെ ക്ലാസ്സിലേക്കുള്ള ഇടനാഴിയിലൂടെ നടന്നു . ഇടനാഴിയുടെ അങ്ങേ തലക്കല്‍ രണ്ടു കുഞ്ഞു പീച്ചും പച്ചയും നിറങ്ങള്‍ തറയില്‍ ഇരുന്നു എന്തൊക്കെയോ എടുക്കുന്നത് അയാള്‍ ദൂരെന്നെ കണ്ടു . അതില്‍ ഒന്ന് ഗൌരി ആണെന്ന് അയാള്‍ക്ക് മനസിലായി
'ഗൌരിസ്സെ നീ എന്താ ചെയ്യുന്നേ ' അയാള്‍ ഉറക്കെ ചോദിച്ചു
'ഹായ് അച്ഛന്‍ ...., അച്ഛാ ' അവള്‍ അയാളുടെ നേര്‍ക്ക്‌ നടന്നു
'മോളെന്താ ഇവിടെ  ചെയ്യുന്നേ '
'അച്ഛാ ഈ അനുന്റെ ടിഫിന്‍ ബോക്സ്‌ കഴുകാന്‍ പോയപ്പോള്‍ താഴെ വീണു , വേസ്റ്റ് എല്ലാം താഴെയായി ഞാന്‍ അനൂനെ ഹെല്പ് ചെയ്തതാ' അവള്‍ അഴുക്ക് പുരളാത്ത ഇടതു കൈ കൊണ്ട് അച്ഛന്റെ കയ്യില്‍ തൂങ്ങി
'മിടുക്കി ' ചിരിച് കൊണ്ട് അയാള്‍ അനൂന്റെ പാത്രം വാങ്ങി താഴെ വീണു കിടന്ന വേസ്റ്റ് വാരി അതിലേക്കിട്ടു . രണ്ടു കുട്ടികളെയും കൂടി അയാള്‍ പൈപ്പിന് അടുത്തേക്ക് നടന്നു .
രണ്ടു പേരുടെയും കയ്യും വായും കഴുകി പാത്രം കഴുകാന്‍ എല്‍ കെ ജി യുടെ ആന്റിയെ ഏല്‍പ്പിച്ചു അവര്‍ തിരികെ നടക്കുന്നതിനിടയില്‍ അയാള്‍ അനുപമയെ തിരക്കി 'അച്ഛന് അനുപമയെ ഒന്ന് കാണിച്ചു തരണേ മോളെ '
'ഓ ഒരു മണ്ടൂസ് അച്ഛന്‍ .., ഇതല്ലേ അനുപമ ' അയാളുടെ ഇടത് ഭാഗത്തൂടെ നടക്കുവായിരുന്ന അനുവിനെ ചൂണ്ടി ഗൌരി പറഞ്ഞു
അയാള്‍ ഒന്നും മനസിലാവാതെ മോളെ നോക്കി .
'അച്ഛാ ആ അല്‍താഫ് രാവിലെ വഴക്കിനു വന്നു , ബുക്കില്‍ കുത്തിവരച്ചു പിന്നെ  എന്നേം അനുനേം  ചിക്ക് പറഞ്ഞു , അതോണ്ട് ഞങ്ങള്‍ ഫ്രണ്ട് ആയി , ഇപ്പൊ ആ അല്തഫാ ഭീകരന്‍... അച്ഛന് കാണണോ' അവള്‍ നിഷ്കളങ്കമായി പറഞ്ഞു .
അയാള്‍ അടുത്തുനിന്ന അനുവിനെ നോക്കി; വാലിട്ടെഴുതിയ കണ്ണുകളും, ചെറിയ നുണക്കുഴികളും ഉള്ള ഒരു ചെറിയ മാലാഖയെപോലെ അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു . കയ്യില്‍ കരുതിയ  ചോക്ലേറ്റ് രണ്ടുപേര്‍ക്കുമായി വീതിച്ചു നല്‍കി അവരെ ക്ലാസ്സില്‍ കൊണ്ടുചെന്നാക്കി . അവിടെ പാറിപറക്കുന്ന മുടിയും നുണക്കുഴികളും ഉള്ള ഒരു കുട്ടി ഗൌരിയും അനുവിനെയും നോക്കി പുഞ്ചിരിച്ചു . അത് അല്‍താഫ് ആയിരിക്കും എന്ന് ഊഹിച്ച് ഒരു മന്ദഹാസത്തോടെ അയാള്‍ തിരികെ നടന്നു . ചൂടിനേയും വാഹനങ്ങളെയും തോല്‍പ്പിച് ഓഫീസിലെ തിരക്കിലേക്ക് എത്താനായി അയാള്‍ വേഗം നടന്നു .
 (ചിത്രം : ഗൗരി)

****************************

25 comments:

  1. Achanmaar allelum mandoos thanneya..he he..kalakeettundu ezhuthu..gourimol aduthu nilkkana polundu..anovum althafum ...nummade cheruppam orma varunnu ishta..

    ReplyDelete
  2. നിഷ്കളങ്ക ബാല്യത്തിന്റെ കൗതുകങ്ങൾ ഹ്രുദ്യമായി അവതരിപ്പിച്ചു!!!
    ആശംസകൾ!!!!

    ReplyDelete
  3. നിഷ്കളങ്കത നന്നായാസ്വദിച്ചു

    ReplyDelete
  4. കുഞ്ഞുങ്ങള്‍ ദൈവത്തിന് തുല്യം.... ആ നിഷ്കളങ്കത......കുഞ്ഞായി മാത്രം ഇരുന്നാല്‍
    മതിയായിരുന്നു!!!

    ReplyDelete
  5. കുഞ്ഞുങ്ങളുടെ പിണക്കവും ഇണക്കവും.

    ReplyDelete
  6. Nidhi,nannayittundutto....Gourikutteede bhagyam..avale kurichezhuthan achanu kazhinjulo...

    ReplyDelete
  7. പിണക്കങ്ങളും, ദേഷ്യവും, വെറുപ്പും നൈമിഷികം മാത്രമായ ആ ബാല്യത്തോളം നല്ലൊരു കാലം ഒരിക്കലുമുണ്ടാവില്ല.. എന്നും ആ മനസ്സ് കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ ജീവിതം സുന്ദരം...

    നന്നായി പറഞ്ഞിരിക്കുന്നു നിധീഷ്.. ഇഷ്ടായി..

    ReplyDelete
  8. Kunjine pallikkudathil vidan neeyum sahayichu thudangi.... Gulf yathrayum kunjinte schoolil pta meettinginu poyathum upakarichu... Goodone ella bhavukangalum....

    ReplyDelete
  9. Kunjine pallikkudathil vidan neeyum sahayichu thudangi.... Gulf yathrayum kunjinte schoolil pta meettinginu poyathum upakarichu... Goodone ella bhavukangalum....

    ReplyDelete
  10. Kunjine pallikkudathil vidan neeyum sahayichu thudangi.... Gulf yathrayum kunjinte schoolil pta meettinginu poyathum upakarichu... Goodone ella bhavukangalum....

    ReplyDelete
  11. വില മതിക്കാന്‍ ആവാത്ത നിധി ആണ് കുട്ടികള്‍ .....
    നന്നായിട്ടുണ്ട് ....

    ReplyDelete
  12. നല്ല എഴുത്ത് .....
    പിന്നെ രണ്ടു ബ്ലോഗ്‌ എങ്ങിനെയോ വന്നു പോയതാണ്....ചൂണ്ടിക്കാണിച്ചതിനു നന്ദി ...അപ്പോഴാണ്‌ അറിഞ്ഞത് .തുടക്കക്കാരി അല്ല പക്ഷെ വെളിച്ചത് വന്നില്ല ഇതുവരെ......

    ReplyDelete
  13. കുഞ്ഞുങ്ങളുടെ ലോകം. അതെത്ര മനോഹരം. നല്ല എഴുത്ത്‌. ഇഷ്ടപ്പെട്ടു

    ReplyDelete
  14. ഗൌരിയും..അനുവിനെയും ഇഷ്ടായിട്ടോ... ബാല്യത്തിന്റെ കുസൃതികള്‍ ഉള്ളില്‍ സന്തോഷം നിറച്ചു... നന്നായി എഴുതി നിധീ...

    ReplyDelete
  15. കുഞ്ഞുങ്ങളുടെ ലോകത്തിനെ എഴുതിയത് വായിച്ചു. നന്നായി.
    കുട്ടികളുടെ കഥകള്‍ എഴുതുമ്പോള്‍ കൂടതല്‍ ഗൌരവം ഇല്ലാതെ ഇതുപോലെ എഴുതണം ... അല്ലെ ?
    ആശംസകള്‍

    ReplyDelete
  16. നല്ല കഥ
    ഇഷ്ടപ്പെട്ടു

    ReplyDelete
  17. കഥ നന്നായി നിധീഷ്, അത് പോലെ കഥയും,കവിതയും, നര്‍മവും ഒരുപോലെ വഴങ്ങുന്ന പുതു തലമുറയോടെ ബഹുമാനവും സന്തോഷവും തോന്നുന്നു.

    ReplyDelete
  18. നന്നായി ........... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... അയാളും ഞാനും തമ്മില്‍ ...... വായിക്കണേ.......

    ReplyDelete

  19. കുട്ടികളെ നന്നായി സൂക്ഷ്മ നിരീക്ഷണം നടത്താറുണ്ട് അല്ലെ. നന്നായിരിക്കുന്നു

    ReplyDelete
  20. മനോഹരം..അഭിനന്ദനങ്ങള്‍ മാഷേ..ഹൃദ്യമായ രചന..

    ReplyDelete
  21. നിയ്ക്കും ഇഷ്ടായി ട്ടൊ..ആശംസകൾ..!

    ReplyDelete
  22. പണ്ട് പാഠപുസ്തകത്തില്‍ ഒരു കഥ വായിച്ചതോര്‍ത്തു രണ്ടു കുട്ടികള്‍ തമ്മില്‍ വഴക്കിട്ടപ്പോള്‍ കൂട്ട് പിടിച്ച രണ്ടു കുടുംബങ്ങള്‍.അടി അത്രയും കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യം വഴക്കിട്ട കുട്ടികള്‍ ഒരുമിച്ചു സ്നേഹത്തോടെ ചെളിയില്‍ കളിക്കുന്നു..
    നല്ല രചന...

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....